തൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു രക്ഷപ്പെട്ട് പിടിയിലായി വീണ്ടും കണ്ണൂർ ജയിലിൽ അടച്ച കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ഇന്നു രാവിലെ ഏഴോടെയാണ് കനത്ത സുരക്ഷയിൽ ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പ്രത്യേക വാഹനത്തിൽ കനത്ത സുരക്ഷയിൽ വിയ്യൂരിലേക്ക് കൊണ്ടു പോയത്.
സാധാരണ ഗതയിൽ ജയിൽ മാറ്റത്തിന് നിരവധി നടപടി ക്രമങ്ങളുണ്ടെങ്കിലും അതീവ അപകടകാരിയായ ഗോവിന്ദച്ചാമിയെ ഇനിയും കണ്ണൂർ സെൻട്രൽ ജയിലിൽ താമസിപ്പിച്ചാൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് പ്രത്യേക കേസ് എന്ന നിലയിൽ പരിഗണിച്ച് മണിക്കൂറുകൾക്കകം ജയിൽ മാറ്റ നടപടികൾ പൂർത്തീകരിക്കുകയായിരുന്നു.
സാധാരണ തടവുകാരെ ജയിൽ മാറ്റം നടത്തുന്പോഴും പുറത്തേക്ക് കൊണ്ടു പോകുന്നതിനെക്കാളും കൂടുതൽ പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണത്തോടെയാണ് വിയ്യൂരിലേക്ക് കൊണ്ടു പോയത്. തോക്ക് സഹിതമുള്ള സായുധ പോലീസിന്റെ സുരക്ഷയിലാണ് പ്രതിയെ വിയ്യൂരിലേക്ക് കൊണ്ടു പോയത്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയെന്ന തീരുമാനത്തിലേക്ക് ഇന്നലെ തന്നെ എത്തിയിരുന്നു.
വിയ്യൂര്‍ ജയിലിലെ ഏകാന്ത തടവില്‍ ആണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുകയെന്നാണ് വിവരം. ഇവിടെ തടവുകാർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണത്തിനും പുറത്തിറങ്ങാന്‍ അനുവാദമില്ല. നേരിട്ട് സെല്ലില്‍ എത്തിച്ച് നല്‍കും.
4.2 മീറ്ററാണ് സെല്ലുകളുടെ ആകെ ഉയരം. പുറത്ത് ആറ് മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവിൽ മതില്, ഇതിനുമുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുതവേലി, മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവര്‍ എന്നിവയാണ് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിന്റെ പ്രത്യകത. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോഴുള്ളത് 125 കൊടും കുറ്റവാളികളാണ്. ഇന്നലെ പുലർച്ചെയായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടിയത്.